നേതാവിനും വേണം ഗുണങ്ങള്‍ - ബി.എസ്.വാരിയര്‍
മലയാള മനോരമ: Wednesday, February 24, 2010
കീഴ്ജീവനക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയും അവരെ നിരന്തരം പഴിക്കുകയും ചെയ്യുന്ന നേതാവ് തനിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി പലപ്പോഴും ഓര്‍ക്കാറില്ല. നേതൃത്വം പ്രതിക്കൂട്ടിലാകുന്ന പല സന്ദര്‍ഭങ്ങള്‍ക്കും കാരണമിതായിരിക്കും. പ്രഫഷനല്‍ രംഗത്തു സത്യസന്ധതയും സുതാര്യതയും ഇല്ലാതെ നേതാക്കള്‍ക്കു വിശ്വാസ്യത പുലര്‍ത്താന്‍ വിഷമമാണ്. ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തനത്തെപ്പറ്റി സമഗ്ര ബോധമില്ലെങ്കില്‍ നേതാവ് പരാജയപ്പെടും. എള്ളുകീറി സകല വിശദാംശങ്ങളും ഗ്രഹിക്കണമെന്നില്ല. സ്ഥിരത സുപ്രധാനഗുണമാണ്.
ഇന്നു പറഞ്ഞതു നാളെ മാറ്റിപ്പറഞ്ഞാല്‍, മറ്റന്നാള്‍ നേതാവു പറയുന്നത് അനുയായികള്‍ വിശ്വസിക്കില്ല. ചര്‍ച്ച ചെയ്ത് ആലോചിച്ചുറച്ച് നയങ്ങള്‍മാറ്റുന്നതു മറ്റൊരു കാര്യം. തെറ്റു പറ്റിയാല്‍ തുറന്നു സമ്മതിക്കുന്ന നേതാവ് ബഹുമാനിക്കപ്പെടുന്നു. ഒരു തെറ്റും വരുത്താത്തയാള്‍ ഒന്നും ചെയ്യാത്തയാളാണെന്നുമോര്‍ക്കാം. അന്യര്‍ പറയുന്നതെല്ലാം നിസ്സാരമെന്നു കരുതി തള്ളിക്കളയുന്നത് അംഗീകാരം നഷ്ടപ്പെടുത്തും. കീഴ്ജിവനക്കാരന് നേതാവിനെക്കാള്‍ ഉള്‍ക്കാഴ്ചയുണ്ടെന്നു വരാം. ശ്രദ്ധിച്ചു കേള്‍ക്കുന്ന ശീലം നേതാക്കള്‍ വളര്‍ത്തിയേ മതിയാകൂ.
വ്യത്യസ്തമായ പല അഭിപ്രായങ്ങളും കേട്ടുകഴിയുമ്പോള്‍, എല്ലാം പരിഗണിച്ച് നേതാവിനു യുക്തമായ തീരുമാനം കൈക്കൊള്ളാം. തീരുമാനം വിമര്‍ശിക്കുന്നവരുണ്ടാകാം. പക്ഷേ അവര്‍ക്കു പറയാനുള്ളതും കേട്ടിട്ടാണു തീരുമാനം കൈക്കൊണ്ടതെങ്കില്‍ വിമര്‍ശനത്തിനു സാംഗത്യം കുറയും. ശരിയായ തീരുമാനങ്ങളെടുത്താല്‍ അക്കാര്യത്തില്‍ പാറപോലെ ഉറച്ചു നില്‍ക്കാം. ഭൂരിപക്ഷം പേര്‍ പറയുന്നതു ശരിയാകണമെന്നില്ല. ചിലപ്പോള്‍ ഒറ്റയൊരാളാണു ഭുരിപക്ഷമെന്നു കരുതേണ്ടിവരും. കൂടുതല്‍ പേര്‍ പറയുന്നത് യുക്തിരഹിതമാകുമ്പോഴാണ് ഇതു സംഭവിക്കുക.
മികച്ച ആശയവിനിമയശേഷി കൂടിയേ തീരൂ. ഒന്നാന്തരം വ്യക്തിത്വത്തിന്റെ അവശ്യ ഘടകമാണിത്. പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നത് ഏതു നേതാവിന്റെയും കടമകളില്‍പ്പെടും. സ്വന്തം ജോലിയുടെയും, താഴെയുള്ളവരുടെ ജോലിയുടെയും വിവിധവശങ്ങള്‍ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ശ്രമിച്ചാല്‍ ക്രമേണ എന്തും വശമാക്കാമെന്നു വിശ്വസിച്ചു മുന്നേറണം.
ചെയ്യുന്നതെന്തും ഏകാഗ്രതയോടെയാവണം. പരസ്പരബന്ധമില്ലാത്ത വ്യത്യസ്ത കാര്യങ്ങളില്‍ നേതാവിനു ശ്രദ്ധ ചെലുത്തേണ്ടി വരുന്നതു സാധാരണം. പക്ഷേ മനസ്സ് നിരന്തരം ചാടിക്കളിച്ചുകൊണ്ടിരുന്നാല്‍ ഒരു കാര്യവും ശരിയാകില്ല. ഭംഗിയായി ആസൂത്രണം ചെയ്ത്, കൃത്യങ്ങള്‍ ഓരോന്നായി ക്രമത്തിനു ചിട്ടയൊപ്പിച്ചു ചെയ്യുന്നതു തന്നെയാണ് തിരക്കു കുറയ്ക്കാനുള്ള വഴി.
ചെയ്തു തീര്‍ക്കാനുള്ള കൃത്യങ്ങള്‍ മുറയ്ക്ക് എഴുതിനോക്കുന്നത് ആസൂത്രണത്തെ സഹായിക്കും. ഏകാഗ്രത ശീലിക്കുന്തോറും അതിനു മൂര്‍ച്ച കൂടിക്കൂടി വന്നുകൊള്ളും. അന്യര്‍ക്കു നല്‍കാന്‍ കഴിയുന്നത് നല്‍കുക. ഒരു തിരികൊണ്ട് മറ്റൊന്നു കൊളുത്തുമ്പോള്‍ ആദ്യത്തെ തിരിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. രണ്ടാമത്തെ തിരിക്ക് പ്രകാശം ചൊരിയാന്‍ കഴിയുകയും ചെയ്യുന്നു. വിജയിക്കുമെന്ന വിശ്വാസം സുപ്രധാനമാണ്. അന്യരുടെ നേട്ടങ്ങള്‍ക്ക് അപ്പപ്പോള്‍ അംഗീകാരം നല്‍കുന്നത് അവര്‍ക്കും മറ്റ് അനുയായികള്‍ക്കും പ്രോത്സാഹനം നല്‍കും. അച്ചടക്കം പാലിക്കുന്നതില്‍ ഒന്നാമന്‍ നേതാവായിരിക്കണം. ഉപദേശനിര്‍ദ്ദേശങ്ങള്‍ കൊണ്ടല്ല, സ്വപ്രവര്‍ത്തനത്തിലെ മാതൃക കൊണ്ടാണ് അച്ചടക്കം ഉറപ്പാക്കേണ്ടത്.
No comments:
Post a Comment