Wednesday, 20 January 2010

മറ്റൊരു റാത്തോഡ്!?

റാത്തോഡ്

ഹര്യാനയിലെ മുന്‍ ഡിജിപി ശംഭുപ്രതാപ് സിംഗ് റാത്തോഡിന്റെയും അധികാരികളുടേയും കൊടുംക്രൂരതകള്‍, സിനിമകഥകളിലെ കൊടും വില്ലനെ വെല്ലുന്നതായി. പതിനഞ്ചുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച റാത്തോഡ് പരാതി നല്കിയ ആ ബാലികയുടെ വീട്ടുകാരെയും കൂട്ടുകാരെയും വരെ കേസുകളില്‍ കുടുക്കിയും മൂന്നാംമുറകള്‍ക്ക് വിധേയരാക്കിയും അവരുടെയെല്ലാം ജീവിതം നരകതുല്യമാക്കി. സംഭവം നടന്ന് 19 കൊല്ലത്തിന് ശേഷം റാത്തോഡിന് കോടതി ശിക്ഷ വിധിച്ചത് ആറുമാസം തടവും ആയിരം രൂപ പിഴയും! ജാമ്യവും അനുവദിച്ചു.

വില്ലന്‍ ചിരിയുമായി റാത്തോഡും സംഘവും കോടതിയ്ക്ക് പുറത്തേക്ക് വന്നത് നിതീന്യായവ്യവസ്ഥയുടെ മുഖത്ത് കാര്‍ക്കിച്ച്തുപ്പുകയും നീതിയ്ക്കായി പൊരുതിയ ഇരകളുടെ ഇടനെഞ്ച് തകര്‍ക്കുകയും ചെയ്യുന്ന മട്ടിലായിരുന്നു. ടിവി ചാനലുകളില്‍ ആ ദൃശ്യങ്ങള് വന്നതോടെ വനിതാസംഘടനകളും
അതുവരെ എല്ലാറ്റിനും മൌനാനുവാദം നല്കി കേസുകളുടെ സുഗമമായ നടത്തിപ്പിന് വിഘ്നങ്ങള്‍ സൃഷ്ടിച്ചുനില്ക്കുകയും ചെയ്ത രാഷ്ട്രീയ-അധികാരിവര്‍ഗങ്ങളും എന്തെങ്കിലും ചെയ്തേ മുഖം രക്ഷിക്കാനാകൂ എന്ന അവസ്ഥയിലാകുകയും ചെയ്തു. റാത്തോഡിനെതിരെ കേസ് വീണ്ടും ഉണര്‍ത്തി അന്വേഷണത്തിനു നടപടിയെടുക്കുകയാണിപ്പോള്‍.

രുചികയെ പീഡിപ്പിച്ചെന്ന കേസില്‍ റാത്തോഡ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് 1990ല്‍ തന്നെ കണ്ടെത്തയിരുന്നതായി അന്നത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മറ്റൊരു മുന്‍ ഡിജിപി ആര്‍.ആര്‍.സിംഗ് പിന്നീട് വെളിപ്പെടുത്തി. ആ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് അനുമതി നല്കാതെ രാഷ്ട്രീയ-ഉന്നത ഉദ്യോഗസ്ഥ മാഫിയ ഒളിച്ചുകളിച്ചത്രേ.

പരാതിയും കേസും പിന്‍വലിക്കാന്‍ രുചികയുടെ വീട്ടുകാരുടെമേല്‍ കേസുകളുടെ പ്രളയമായി. ചൊല്പ്പടിയ്ക്കുനില്ക്കുന്ന പൊലീസുകാര്‍ അതിനെല്ലാം റാത്തോഡിന്റെ അനുസരണയുള്ള ചെന്നായ്ക്കളായി നിന്നു. ഹര്യാന സ്റേറ്റ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡില്‍ ചീഫ് എഞ്ചിനീയറായിരുന്നു രുചികയുടെ കൂട്ടുകാരി ആരാധനയുടെ പിതാവ് ആനന്ദ് പ്രകാശ്. അദ്ദേഹത്തെ പരാതികളില്‍ കുടുക്കി സസ്പെന്റ് ചെയ്തു. സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് ആയി തരംതാഴ്ത്തി.

രുചികയുടെ മേല്‍ സ്വഭാവദൂഷ്യവും ആരോപിക്കപ്പെട്ടു. സേക്രഡ്ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളില്‍ നിന്നും ആ കുട്ടിയെ പുറത്താക്കി. ഫീസടച്ചില്ലെന്ന കുറ്റം ചുമത്തിയായിരുന്നു അതെന്നും റാത്തോഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയാണെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. (ഇപ്പോള്‍ അതേപ്പറ്റി അന്വേഷിക്കാന്‍ നടപടിയായിട്ടുണ്ട്. സംഭവം നടന്ന് 19 വര്‍ഷം കഴിഞ്ഞിട്ട്!)

രുചികയുടെ 13 വയസുള്ള സഹോദരനെ കള്ളകേസ് ചുമത്തി പൊലീസ് പിടിച്ചുകൊണ്ടുപോയി ദിവസങ്ങളോളം കസ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചു. കാലില്‍ ചൂരല്‍വടി വച്ച് ഉരുട്ടല്‍ നടത്തി. തല്ലി വശംകെടുത്തി. മൂത്രംകുടിപ്പിച്ചു. റാത്തോഡിനെതിരായ പരാതി പിന്‍വലിക്കാന്‍ രുചികയെ നിര്‍ബന്ധിക്കണമെന്ന് പറഞ്ഞായിരുന്നത്രെ ക്രൂരമര്‍ദ്ദനം. രുചികയുടെ അച്ഛന്‍ ഗിര്‍ഹോത്രയെ അഴിമതികേസില്‍ പെടുത്തി സസ്പെന്റ് ചെയ്യിച്ചു. വീട് റാത്തോഡിന്റെ അനുചരരില്‍ ഒരാള്‍ക്ക് വില്ക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. ഈ ആഘാതങ്ങളെല്ലാം രുചികയുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവാണ് ഏല്പ്പിച്ചത്. 1993 ഡിസംബര്‍ 28ന് രുചിക വിഷം കഴിച്ചു. 29ന് ആ ബാലിക അന്ത്യശ്വാസം വലിച്ചു.

കേസില്‍ സിബിഐ അന്വേഷണത്തിന് പഞ്ചാബ്-ഹര്യാന ഹൈക്കോടതി ഉത്തരവിട്ടു. 2000 നവംബര്‍ 16ന് സിബിഐ റാത്തോഡിനെതിരെ കുറ്റപത്രം നല്കി. പക്ഷെ റാത്തോഡ് പൊലീസ് മേധാവി സ്ഥാനത്ത് തുടര്‍ന്നു. ഹര്യാനയില്‍ മാറി മാറി വന്ന മുഖ്യമന്ത്രിമാരുടെ പ്രീതിപിടിച്ചു പറ്റി നില്ക്കാന്‍ വിരുതനായിരുന്നു അയാള്‍. ഹുകുംസിംഗിന്റെയും(ലോക്ദള്‍ 1990-91) ഭജന്‍ലാലിന്റെയും (കോണ്‍ഗ്രസ് 1991-96) ബന്‍സിലാലിന്റെയും(ഹര്യാന വികാസ് പാര്‍ട്ടി 1996-98) ഓംപ്രകാശ് ചൌതാലയുടേയും(ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 1999-2005) കാലത്ത് റാത്തോഡ് രുചികാ കേസിന്റെ പശ്ചാത്തലത്തിലും നടപടികള്‍ക്ക് വിധേയനാകാതെ ഉദ്യോഗക്കയറ്റങ്ങളും മികച്ച സേവനമെഡലുകളും നേടി വിരാജിച്ചു. ഹര്യാന പൊലീസ് ഡയറക്ടര്‍ ജനറലായി 2002 മാര്‍ച്ചില്‍ വിരമിച്ചു. പിന്നീടും അവിടെ ഗോള്‍ഫ് കളിക്കാരനായും മറ്റും ഉന്നതശ്രേണികളില്‍ ഉല്ലാസജീവിതം നയിച്ചുവരികയായിരുന്നു. താമസം പഞ്ചകുലയിലെ ആറാം സെക്ടറിലെ 469ാം ബംഗ്ളാവില്‍.

ഹര്യാനയില്‍ നടന്ന സംഭവമാണിതെങ്കിലും പ്രമുഖര്‍ക്കെതിരായ കേസുകളില്‍ സാധാരണപൌരന്മാര്‍ക്ക് നീതി ലഭിക്കുക എത്രക്ളേശകരമാണെന്ന് വിരല്‍ചൂണ്ടുന്നതാണ് രുചികാകേസ്. പരാതിക്കാരെയും സാക്ഷികളേയും പീഡിപ്പിക്കുന്ന നിയമപാലകര്‍ നീതിനിയമവ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നത് അപൂര്‍വ്വമൊന്നുമല്ലാതായിരിക്കുന്നു.

ഇവിടെ നടക്കുന്നത്:
ഡോണിന്റെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നതും മറ്റൊന്നല്ല. അക്കാദമിക്ക് തിരിമറിയെപ്പറ്റി പരാതിപ്പെട്ട അദ്ധ്യാപകനെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയതും ധാര്‍ഷ്ട്യത്തോടെ പൊതുപരീക്ഷകളിലേയ്ക്ക് വരെ, നീതിയേയും എത്തിക്സിനേയും വെല്ലുവിളിച്ചുകൊണ്ട് കൈകടത്തുന്നതും ഇപ്പോഴും പരസ്യമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തുടരുകയല്ലേ? റാത്തോഡിനേയും ദേശീയ അവാര്‍ഡ് കിട്ടിയ ആള്‍ എന്നൊക്കെ വെള്ള പൂശാന്‍ ശ്രമിച്ചിട്ട് അവാര്‍ഡ് തിരിച്ചു വാങ്ങിയത് ഇവിടെ സ്മര്‍തവ്യമാണ്. ഇതിന് കൂട്ടുനിന്നാല്‍ ഒരു യോഗ്യതയുമില്ലെങ്കിലും സിംഹാസനത്തിലിരിക്കാം! അല്ലെങ്കില്‍ ഭ്രാന്തനെന്ന് ആക്രോശിച്ച് പുറത്താക്കും!
ഭരണപരമായ കഴിവുകേടിനെ പറ്റി എ.പി.സി. പരാമര്‍ശിച്ച, സ്വന്തം വാഹനം യൂണിവേഴ്സിറ്റിക്ക് പാട്ടത്തിനു നല്‍കുന്ന ഒരു ഉന്നതനാണത്രേ "നമ്മുടെ അഭിനവ റാത്തോഡ് - ഡോണിനെ" സംരക്ഷിക്കുന്നത്. ചൊല്പ്പടിക്കു നില്‍ക്കുന്ന ആളെ ഉപയോഗിച്ച് "മുക്കാല്‍ കോടി" കേസിലെ ഫയലുകള്‍ വ്യാപകമായി നശിപ്പിക്കുകയാണത്രേ. പണ്ട് "പെറ്റി"ന്റെ ബോണ്ടിന്റെ ഫയല്‍ അപ്രത്യക്ഷമായതുപോലെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരോപണ വിധേയന്‍ തന്നെ കൈയ്യില്‍ വച്ചിരിക്കുകയാണത്രേ. അറ്റന്‍‌ഡന്‍സ് ഉള്‍പ്പെടയുള്ള അക്കാദമിക്ക് തിരിമറികളുടെ കാര്യങ്ങളും ഇതുപോലെയാവുമായിരിക്കും.

ശുഭാപ്തി വിശ്വാസം:
ഒരാള്‍ക്ക് ഒരാളെ എല്ലാക്കാലവും പറ്റിക്കാന്‍കഴിഞ്ഞേക്കാം, എന്നാല്‍ ഒരാള്‍ക്കും എല്ലാവരെയും എല്ലാ കാലവും പറ്റിക്കാന്‍കഴിയില്ല. സത്യം എന്നായാലും വെളിച്ചത്ത് വരും. അതിന് കുറച്ച് സമയമെടുത്തേയ്ക്കാം. അത്രയും കാലം സഹിച്ചേ മതിയാവു.
സത്യമേവ ജയതേ! 

No comments:

Post a Comment